ഇനി തണ്ണിമത്തന്‍ കഴിക്കുമ്പോൾ കുരു കളയല്ലേ – Watemelon Seeds | Diet | Healthy Food | Healthy Lifestyle | Health

പഴത്തിന്റെ ആകെയളവില്‍ മൊത്തം 92 ശതമാനവും ജലം. ഉള്ളില്‍ നിറയെ വൈറ്റമിനുകളും ധാതുക്കളും. നമ്മുടെ ശരീരത്തിന്റെ ജലാംശവും പോഷണവും നിലനിര്‍ത്താന്‍ തണ്ണിമത്തനോളം സഹായകമായ വേറെ പഴങ്ങളില്ലെന്നു പറയാം. എന്നാല്‍ പഴത്തില്‍ മാത്രമല്ല വിത്തിലും നിറയെ പോഷണങ്ങള്‍ ഒളിപ്പിക്കുന്നു തണ്ണിമത്തന്‍. സിങ്ക്‌, മഗ്നീഷ്യം, പൊട്ടാസിയം തുടങ്ങിയ പല പോഷണങ്ങളും അടങ്ങിയതാണ്‌ തണ്ണീര്‍മത്തന്‍ വിത്തുകള്‍. 

സൂര്യകാന്തി വിത്തുകള്‍ പോലെ ഉണക്കി വറുത്ത്‌ വേണം തണ്ണിമത്തന്‍ വിത്തുകളും കഴിക്കാന്‍. കുറച്ച്‌ ഉപ്പും ഒലീവ്‌ എണ്ണയും ചേര്‍ത്ത്‌ 350 ഡിഗ്രി ഫാരന്‍ഹീറ്റില്‍ 10 മിനിട്ട്‌ ബേക്ക്‌ ചെയ്‌തും കഴിക്കാം. പയര്‍മണികള്‍ പോലെ മുളപ്പിച്ചും ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്‌. 

Representative image. Photo Credit: CoffeeAndMilk/istockphoto.com

Representative image. Photo Credit: CoffeeAndMilk/istockphoto.com

ഭക്ഷണക്രമത്തില്‍ തണ്ണീര്‍മത്തന്‍ വിത്തുകള്‍ ഉള്‍പ്പെടുത്തിയാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്‌. 

1. പ്രമേഹം നിയന്ത്രിക്കാം
നമ്മുടെ ശരീരത്തിന്റെ ഇന്‍സുലിന്‍ സംവേദനത്വം മെച്ചപ്പെടുത്താന്‍ തണ്ണിമത്തന്‍ വിത്തുകള്‍ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം കാര്‍ബോഹൈഡ്രേറ്റുകളുടെ ചയാപചയത്തെ നിയന്ത്രിച്ച്‌ രക്തത്തിലെ പഞ്ചസാരയുടെ തോത്‌ ഉയരാതെ കാക്കും. 

2. എല്ലുകള്‍ക്കു കരുത്താകും
തണ്ണിമത്തന്‍ വിത്തുകളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യം എല്ലുകളെ കരുത്തുറ്റതാക്കാന്‍ സഹായിക്കും. ആരോഗ്യമുള്ള പേശികള്‍ക്കും നാഡീവളര്‍ച്ചയ്‌ക്കും ഇത്‌ നല്ലതാണ്‌. 

3. പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും
ശക്തമായ പ്രതിരോധ സംവിധാനത്തിന്‌ ഏറ്റവും ആവശ്യമുള്ള ഒന്നാണ്‌ സിങ്ക്‌. ഇത്‌ സമൃദ്ധമായി തണ്ണിമത്തന്‍ വിത്തില്‍ അടങ്ങിയിരിക്കുന്നു. പ്രതിരോധ കോശങ്ങളുടെ നിര്‍മ്മാണത്തിലും ഉത്തേജനത്തിലും സിങ്ക്‌ സഹായകമാണ്‌. 

4. ദഹനം മെച്ചപ്പെടുത്തും
തണ്ണിമത്തന്‍ വിത്തിലെ ഫൈബറും അണ്‍സാച്ചുറേറ്റഡ്‌ കൊഴുപ്പും ദഹനസംവിധാനത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. തണ്ണിമത്തനും അതിന്റെ വിത്തുകളും ദഹനപ്രക്രിയ സുഗമമാക്കും. 

5. കൊളസ്‌ട്രോള്‍ കുറയ്‌ക്കും
മോണോസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌, പോളിസാച്ചുറേറ്റഡ്‌ ഫാറ്റി ആസിഡ്‌ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകള്‍ തണ്ണിമത്തന്‍ വിത്തില്‍ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്‌ട്രോള്‍ കുറച്ച്‌ ഹൃദയാഘാതത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യതകള്‍ കുറയ്‌ക്കുന്നു. 

Photo Credit: Shutterstock.com

Photo Credit: Shutterstock.com

6. മുടിയുടെ ആരോഗ്യത്തിനും നല്ലത്
തണ്ണിമത്തന്‍ വിത്തിലെ പ്രോട്ടീന്‍, അയണ്‍, മഗ്നീഷ്യം, സിങ്ക്‌, കോപ്പര്‍ എന്നിവയെല്ലാം മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തി മുടിയെ ബലമുള്ളതാക്കും. ഇവയിലെ മഗ്നീഷ്യം മുടിയിഴകള്‍ പൊട്ടിപ്പോകാതിരിക്കാനും സഹായകമാണ്‌. 

7. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
നല്ല ഹൃദയാരോഗ്യത്തിനും ശരിയായ രക്തസമ്മര്‍ദ്ധത്തിനും മഗ്നീഷ്യം സഹായകമാണ്‌. തണ്ണിമത്തന്‍ വിത്തില്‍ ഇവ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിലെ ഫാറ്റി ആസിഡുകളും ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. 

8. ശ്വാസകോശത്തിനും നല്ലത്‌
ആന്റി ഇന്‍ഫ്‌ളമേറ്ററി, ആന്റിഓക്‌സിഡന്റ്‌ ഗുണങ്ങളുള്ളതാണ്‌ തണ്ണിമത്തന്‍ വിത്തുകള്‍. ഇവ ശ്വാസകോശത്തിലെ നീര്‍ക്കെട്ട്‌ അകറ്റി ആസ്‌മ പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കുന്നു. 

9. നാഡീവ്യൂഹ വ്യവസ്ഥയ്‌ക്ക്‌ നല്ലത്‌
തലച്ചോറിന്റെയും നാഡീവ്യൂഹവ്യവസ്ഥയുടെയും ആരോഗ്യത്തിന്‌ സഹായകമായ വൈറ്റമിന്‍ ബിയും തണ്ണിമത്തനിലുണ്ട്‌. മറവിരോഗത്തിന്റെയും മാനസിക പ്രശ്‌നങ്ങളുടെയും സാധ്യതയും ഇവ കുറയ്‌ക്കുന്നു. 

10. ചര്‍മ്മാരോഗ്യത്തിനും ഉത്തമം
നമ്മുടെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിനു കഴിക്കാവുന്ന ആരോഗ്യകരമായ സ്‌നാക്കാണ്‌ വറുത്ത തണ്ണിമത്തന്‍ വിത്ത്‌. ചര്‍മ്മത്തിലെ കുരുക്കള്‍ പോലുള്ള പ്രശ്‌നങ്ങളെ ചെറുക്കാന്‍ ഇവയിലെ പോഷണം സഹായിക്കും. ചര്‍മ്മത്തിലെ ജലാംശം നിലനിര്‍ത്താന്‍ തണ്ണിമത്തനും നല്ലതാണ്‌. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം?: വിഡിയോ

Leave a Comment